|

പ്രഭാഷണകലയുടെ ഭീഷ്മാചര്യനു് അന്ത്യപ്രണാമം…..

പ്രമുഖ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായ സുകുമാർ അഴിക്കോട് നമ്മിൽ നിന്നും പിരിഞ്ഞു പോയിരിക്കുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഒമ്പതാം തീയതി മുതല്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് (ചൊവ്വാഴ്ച ) രാവിലെ 6.40ന് നമ്മെ വിട്ടു പിരിഞ്ഞത്. 86 വയസായിരുന്ന ഇദ്ദേഹത്തിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. അവിവാഹിതനായ ഇദ്ദേഹം 1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് അവിടെയായിരുന്നു താമസം.

അദ്ധ്യാപകനായിരുന്ന പനങ്കാവിൽ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മ എന്നിവരുടെ പുത്രനായി 1926 മേയ് 12-ന് കേരളത്തിൽ കണ്ണൂർ ജില്ലയിലെ അഴീക്കോട് ഗ്രാമത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനം. ചിറക്കൽ രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി. ജയിച്ച ശേഷം കോട്ടക്കൽ ആയുർവേദകോളേജിൽ ഒരു വർഷത്തോളം വൈദ്യപഠനം നടത്തിയതിനുശേഷമായിരുന്നു ഉപരിപഠനത്തിലേക്ക് തിരിഞ്ഞത്. 1946-ൽ വാണിജ്യശാസ്ത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം അദ്ധ്യാപക പരിശീലനം പൂർത്തിയാക്കി .

കണ്ണൂരിലെ ചിറക്കൽ രാജാസ് ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ കർമ്മ മണ്ഡലമായ അദ്യാപനത്തിലേക്ക് തുടക്കം കുറിച്ചു. മലയാളത്തിലും സംസ്കൃതത്തിലും സ്വകാര്യപഠനത്തിലൂടെ ബിരുദാനന്തരബിരുദവും നേടിയ ഇദ്ദേഹം കേരള സർവ്വകലാശാലയിൽ നിന്ന് അദ്ദേഹം മലയാളസാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. തുടർന്ന് കോഴിക്കോട് ദേവഗിരി , മംഗലാപുരം സെന്റ് അലോഷ്യസ്, കോഴിക്കോട് സെന്റ് ജോസഫ്സ് എന്നീ കോളേജുകളിലും അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു. പിന്നീട് മൂത്തകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളെജിൽ പ്രിൻസിപ്പലായി. കോഴിക്കോട് സർവകലാശാല സ്ഥാപിച്ചപ്പോൾ മലയാളവിഭാഗം മേധാവിയും പ്രൊഫസറുമായി നിയമിതനായി. പിന്നീട് അവിടെ പ്രൊ-വൈസ് ചാൻസിലറും ആയിരുന്നു അദ്ദേഹം 1986ൽ അദ്ധ്യപനരംഗത്തു നിന്ന് വിരമിച്ചു.

ഔദ്യോഗികജീവിതത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷം പ്രഭാഷണം തന്നെയായി അഴീക്കോടിന്റെ മുഖ്യ ആവിഷ്കാരമാർഗ്ഗം.ഇതിനിടയിൽ ദീനബന്ധു, മലയാള ഹരിജൻ, ദേശമിത്രം, നവയുഗം, ദിനപ്രഭ, വർത്തമാനം തുടങ്ങിയ പല പത്രങ്ങളിലും അഴിക്കോട് ജോലിചെയ്തിട്ടുണ്ട്. 1993 മുതൽ 1996 വരെ നാഷണൽ ബുക് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയർമാനായിരുന്നു. ആരോടും വിധേയത്വം പുലർത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിനാൽ കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി എന്ന് ഇദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അതു പോലെ എതിരാളികൾ അവസരവാദത്തിന്റെ അപ്പസ്തോലനായും വിശേഷിപ്പിച്ചു.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയെ ആധാരമാക്കി ഇദ്ദേഹം എഴുതിയ ആശാന്റെ സീതാകാവ്യം ഏതെങ്കിലും ഒരു ഖണ്ഡകാവ്യത്തെക്കുറിച്ച് മാത്രമായി പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ സമഗ്രപഠനമാണ്. കാവ്യരചനയുടെ പിന്നിലെ ദാർശനികവും സൌന്ദര്യശ്സ്ത്രപരവുമായ ചോദനകളെ പാശ്ചാത്യവും പൌരസ്ത്യവുമായ കാവ്യശാസ്ത്രസിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ഈ നിരൂപണഗ്രന്ഥം ഒരു കൃതിയെക്കുറിച്ചുള്ള സമഗ്രനിരൂപണത്തിന്റെ മലയാളത്തിലെ മികച്ച മാതൃകയാണ്.തത്വമസി, ആശാന്റെ സീതാകാവ്യം, രമണനും മലയാള കവിതയും, മഹാത്മാവിന്റെ മാര്‍ഗം, പുരോഗമന സാഹിത്യവും മറ്റും, മലയാള സാഹിത്യ വിമര്‍ശം, തത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, എന്തിന് ഭാരതധരേ, അഴീക്കോടിന്റെ പ്രഭാഷണങ്ങള്‍ , അഴീക്കോടിന്റെ ഫലിതങ്ങള്‍ , ഗുരുവിന്റെ ദുഃഖം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ, പാതകള്‍ കാഴ്ചകള്‍ , ഭാവന എന്ന വിസ്മയം, ഭാവയാത്രകള്‍ , തുടങ്ങിയ 35 ല്‍ അധികം കൃതികള്‍ രചിച്ചിട്ടുണ്ട്.

സാഹിത്യം, തത്ത്വചിന്ത, സാമൂഹികജീവിതം, ദേശീയത എന്നിങ്ങനെയുള്ള വിഷയങ്ങളിലുള്ള നൈപുണ്യവും ഭാഷയുടെ ചടുലതയും അഴീക്കോടിന്റെ പ്രഭാഷണങ്ങളെ ശ്രദ്ധേയമാക്കി മാറ്റി.സാഹിത്യത്തെക്കാൾ രാഷ്ട്രീയം ഉൾപ്പെടെയുള്ള പൊതുവിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ പ്രഭാഷണം നിശിതമായ വിമർശനങ്ങൾ കൊണ്ട് ആകർഷകമാക്കുവാൻ ശ്രമിച്ചു. അതിനാൽ പലപ്പോഴും മുൻനിലപാടുകളിൽ നിന്ന് അവസരവാദപരമായി കൂറുമാറ്റം നടത്തുന്നയാൾ എന്ന നിലയിൽ കണക്കാക്കപ്പെടുന്നതിനു കാരണമായിട്ടുണ്ട്.

2007 ജനുവരിയില്‍ അദ്ദഹേത്തെ പത്മശ്രീക്കായി തെരഞ്ഞെടുത്തുവെങ്കിലും ഭരണഘടനയുടെ അന്തസത്തക്ക് വിരുദ്ധമാണ് പുരസ്കാരം സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി അദ്ദഹേം അത് നിരസിക്കുകയുണ്ടായി. എം.പി. നാരായണ പിള്ളക്ക് നല്‍കിയ പുരസ്കാരം റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് 1992 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വവും പതക്കവും മറ്റും തിരിച്ച് നല്‍കി . സംസ്ഥാന സര്‍ക്കാറിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും സി.എന്‍. അഹമ്മദ് മൌലവി എം.എസ്.എസ് അവാർഡ്,വയലാര്‍ അവാര്‍ഡ്,കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ് ,എഴുത്തച്ഛന്‍ പുരസ്കാരം, വള്ളത്തോള്‍ പുരസ്കാരം , എന്നീ അവാർഡുകൾക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.

ഗാന്ധിയനായ താൻ കോൺഗ്രസ്സുകാരനായി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും തനിക്കുമുമ്പേ കോൺഗ്രസ്സ് മരിച്ചുപോയെന്നും ഇദ്ദേഹം പ്രസംഗിച്ചത് ഇതിന് ഉദാഹരണമാണ്. ആത്മീയ ഗുരുവായിരുന്ന വാഗ്ഭടാനന്ദന്റെ ശിഷ്യനായ അഴീക്കോട് ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂടെയായൈരുന്നു ഇദ്ദേഹത്തിന്റെ ജീവിതം. കേരളത്തിന്റെ നാനാഭാഗങ്ങളിൽ അഴിക്കോട് പ്രസംഗിച്ചിട്ടുണ്ട്. വളരെ പതിയെ, ശാന്തമായി തുടങ്ങി പിന്നീട് ആവേശത്തിന്റെ ഉച്ചസ്ഥായിയിൽ നിറുത്തുന്ന അഴിക്കോടിന്റെ പ്രസംഗശൈലി പ്രശസ്തമാണ്.കേരളീയർ ഇദ്ദേഹത്തെ ഓർക്കുക മലയാളത്തിന്റെ പ്രിയങ്കരനായ വാഗ്മിയായിട്ടായിരിക്കും എന്നതിൽ തീരേ സംശയമില്ല!.

ഈ ബഹുമുഖപ്രതിഭക്കുമുന്നിൽ വിയോഗത്തില്‍ പാഥേയം ബാഷ്പാഞ്ചലി അര്‍പ്പിക്കുന്നു.

Short URL: http://paadheyam.com/masika/?p=1328

Posted by on January 25 2012. Filed under ആദരാഞ്ജലി, ഓര്‍മ്മ, ലേഖനങ്ങള്‍. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

അഭിപ്രായങ്ങള്‍:

Leave a Reply

*

സന്ദര്‍ശക കുറിപ്പ്