എസ്. ജാനകി മലയാളത്തിന്റെ സൂര്യകാന്തി
രചന : പെരുമാൾ , മാളിക
മലയാളത്തിന്റെ സൂര്യകാന്തിയായ എസ്. ജാനകിയുടെ എഴുപത്തിനാലാം ജന്മദിനമാണ് നാളെ.അവരുടെ ജീവിതത്തിലേക്ക് ഒരു തിരനോട്ടം നടത്തുകയാണ് ഈ ലേഖനം.
1958 ല്‍ മദ്രാസിൽ കൊഞ്ചും ചിലങ്കൈ എന്ന തമിഴ്ചിത്രത്തിന്റെ റെക്കോഡിംഗ് നടക്കുകയാണ്.ചിത്രത്തിന്റെ ടൈറ്റൽ ഗാനം പി.ലീല പാടികഴിഞ്ഞു.ഇനി റെക്കോഡിംഗ് ചെയ്യാനുള്ളത് ഒരു അർദ്ധശാസ്ത്രിയ ഗാനമാണ്.ഈ ഗാനത്തിന്റെ പിന്നണിയിൽ ഗായികയുടെ സമം നിൽക്കുന്നത് നാദസ്വരവിദ്വാൻ കാരകുറിച്ചി അരുണാചലമാണ്.അദ്ദേഹത്തിന്റെ നാദസ്വരവുമായി മത്സരിച്ച് ഉച്ചസ്ഥായിയിൽ പാടുന്ന രീതിയിലാണ് എസ്.എം.സുബ്ബയ്യനായിഡു ഗാനം ചിട്ടപെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ പശ്ചാത്തലം സംവിധായകൻ പി.ലീലയോട് പറഞ്ഞനിമിഷം ആ ഗാനത്തിൽ നിന്നും അവർ ഉടനെ പിൻ വാങ്ങി.ഇനി ഈ ഗാനം ആരുപാടും എന്ന വിഷമിച്ചിരുന്ന നായിഡുവിനു മറുപടി നൽകാൻ പി.ലീലയ്ക്കു അധിക സമയം വേണ്ടിവന്നില്ല.ജാനകിയ്ക്കെ ഈ ഗാനം പാടാൻ സാധിക്കു എന്ന് പി.ലീല അഭിപ്രായപെട്ടു.
അക്കാലത്ത് എസ്.ജാനകി ആറുഭാഷകളിൽ ഒന്നും രണ്ടും ഗാനങ്ങൾ പാടി നിൽക്കുന്ന സമയമായിരുന്നു.കാരകുറിച്ചിയെ വിസ്മയത്തിൽ ആറാടിച്ച് ജാനകി ആത്മാവർപ്പിച്ചു പാടി. ശാസ്ത്രിയ സംഗീതമൊന്നും അഭ്യസിക്കാതെ നിരവധി സ്വരങ്ങളും ഗമഗ പ്രയോഗങ്ങളും നിറഞ്ഞ ഗാനം പാടി അനശ്വരമാക്കി.തമിഴിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനവുമായി. ഈ ഗാനം പിന്നീട് ‘മുറിപിഞ്ചെ മുവ്വാലു’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നീ ലീല പാടെടാ ദേവാ’ എന്നു രൂപാന്തരപെട്ടതൊടെ ജാനകിയുടെ സ്വരമാധുരിയിൽ തെന്നിന്ധ്യയാകെ അലിഞ്ഞു ചേർന്നു.ഈ രണ്ടുഗാനങ്ങളിലും കാരകുറിച്ചിയുടെ നാദസ്വരമാണൊ, ജാനകിയുടെ ആലപനമേന്മയാണോ ഏറെ മെച്ചമെന്ന് ആരും സംശയിച്ചുപോകും എന്നതുതന്നെ ജാനകിയുടെ സിദ്ധിയ്ക്കടിസ്ഥാനം.ഏതു സ്ഥായിയിലും ഏതുഭാവത്തിലും പാടാൻ കഴിവുള്ള ജാനകി എന്ന ഗായിക ഇന്ത്യൻ സിനിമയ്ക്കു തന്നെ ലഭിച്ച ഒരമൂല്യ സമ്പത്താണ്. ജാനകിയമ്മയുടെ ആലാപനശൈലി മറ്റുഗായികമാരിൽ നിന്നും വേറിട്ടുനിൽക്കുന്നു. ആർക്കും അനുകരിക്കാനാവുന്ന ആലാപനമികവിലും ഉച്ചാരണശുദ്ധിയാലും സമ്പന്നമാണ് ഓരോഗാനവും.
‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് സിനിമയ്ക്കു വേണ്ടിയായിരുന്നു ജാനകി ആദ്യം പാടിയത്.കരഞ്ഞു പാടിയ ആ ഗാനത്തീൽ വിധി വിളയാടി.ആ ചിത്രം പുറത്തു വന്നില്ല.തൊട്ടടുത്ത ദിവസം മാതൃഭാഷയായ തെലുങ്കിൽ പാടി,അതും ശോകഗാനം തന്നെ.ഘണ്ടശാല വെങ്കിടറാവുവിനൊപ്പം പണ്ട്യാല നാഗേശ്വര റാവുവിന്റെ സംഗീതത്തിൽ പാടി.ആ ചിത്രവും റിലീസ് ചെയ്തിലെങ്കിലും പാട്ട് ഹിറ്റായി.ഇന്നും ആന്ധ്രയിൽ ചെല്ലുമ്പോൾ ധാരളം പേർ ആവശ്യപെടുന്ന ഗാനം കുടിയാണിത്. മലയാളത്തിൽ ആദ്യം പാടുന്നത് മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലെ ഇരുൾ മൂടുകയോ എൻ വാഴ്വിൽ…. എന്ന ശോകഗാനമാണ്.ആദ്യഗാനത്തിനു ജാനകിയ്ക്കു പ്രതിഫലമായി ലഭിച്ചത് വെറ്റിലയും അടക്കയും ഒരു നാണയുവുമായിരുന്നു.പക്ഷെ അതു ഐശ്വര്യമുള്ള പ്രതിഫലമായിരുന്നു.
എസ്.ജാനകി കർണ്ണാടക സംഗീതം പഠിച്ചിട്ടില്ല.ചെറിയ കുട്ടിയായിരുന്നപ്പോൾ കർണ്ണാടകസംഗീതം ഇഷ്ടമല്ലായിരുന്നു.ഒരു ദിവസം അമ്മാവൻ പൈഡി സ്വാമി എന്ന നാദസ്വരവിദ്വാന്റെ അടുത്ത് സംഗീതം അഭ്യസിക്കാൻ കൊണ്ടുപോയി.നീ നന്നായി പാടുമെന്ന് നിന്റെ അമ്മാവൻ പറഞ്ഞു ഞാൻ കൂടി കേൾക്കട്ടെ നിന്റെ പാട്ട് എന്ന് സ്വാമികൾ പറഞ്ഞ നിമിഷം ജാനകി രണ്ട് വരി അദ്ദേഹത്തിനുമുന്നിൽ ദക്ഷിണയായി വച്ചു.പാട്ട് കേട്ട സ്വാമി പറഞ്ഞു നിനക്കു സരിഗമയുടെ ആവശ്യം ഇല്ല എല്ലാം ഭഗവാൻ തന്നിട്ടുണ്ട് എന്നു പറഞ്ഞു മടക്കിയയച്ചു.
തുടർച്ചയായി അഞ്ചുപതിറ്റാണ്ടുകാലം ഒരു അന്യഭാഷാഗായികയും മലയാളത്തിൽ പാടിയിട്ടില്ല. ഇടയ്ക്കു വന്നു പാട്ടുപാടി പോകുക എന്നതായിരുന്നില്ല ഈ ഗായികയുടെ നയം. ബാബുരാജിന്റെയും രാഘവന്റെയും ദക്ഷിണാമൂർത്തിയുടെയും ഈണങ്ങൾക്കു അവർ കരുതുന്നതിലുമപ്പുറം ഭാവവും അർത്ഥവും നൽകിയാണു ഭാഷയറിയാതെ എസ്.ജാനകി ആലപിച്ചിരുന്നത്.ഉച്ചാരണം മനസ്സിലാക്കുവാൻ ഗാനരചയിതാക്കളെ സമീപിച്ച് അവരുടെ നിർദ്ദേശം മനസ്സാവഹിച്ച് തറമായി ഉച്ചരിച്ചുപഠിച്ചാണ് പാടിയിരുന്നത്.
യേശുദാസ്-എസ്.ജാനകി ടിമിൽ നിന്നു തന്നെയാണു മലയാളം ഏറ്റവും അധികം കേട്ടുവളർന്ന യുഗ്മഗാനങ്ങൾ പിറന്നത്. പി.ജയചന്ദ്രൻ, കമുകറ, എ,എം.രാജ, ബ്രഹ്മാന്ദൻ, ഉണ്ണിമേനോൻ,ജോളി എബ്രഹാം കുടാതെ ഇന്നത്തെ യുവതലമുറയ്ക്കൊപ്പവും എസ്.ജാനകി പാടിയിട്ടുണ്ട്.എസ്.ജാനകിയെ ഏറെ പ്രോത്സാഹിപ്പിച്ച സംഗീതസംവിധായകരാണ് എം.എസ്.ബാബുരാജ്, ശ്യാം,എം.എസ്.വിശ്വനാഥൻ,വി.ദക്ഷിണാമൂർത്തി,ഇളയരാജ, എ.ടി.ഉമ്മർ. ഇവരുടെ ഗാനങ്ങളിൽ എസ്.ജാനകിയ്ക്കു പ്രഥമസ്ഥാനമാണുള്ളത്.
ഇരുപത്തിയേഴായിരത്തിലധം വരും എസ്.ജാനകി പാടിവച്ച ഗാനങ്ങൾ.ആലാപനത്തോട് നീതിപുലർത്തുവാൻ ശാഠ്യമുള്ള ജാനകിയുടെ പ്രതിഭയെ തേടി നിരവധി അവാർഡുകളും അംഗീകാരങ്ങളും(പത്മപുരസ്ക്കാരങ്ങൾ ഒഴികെ) എത്തിയിട്ടുണ്ട്. നാലുദേശിയ അവാർഡ്(മലയാളം1,തെലുങ്ക്1,തമിഴ്2), നാല്പതോളം സംസ്ഥാന അവാർഡുകൾ,കലൈമമണി പട്ടം,സുർസിംഗർ ബിരുദം,മദർ തേരേസ അവാർഡ്,കേരള സർക്കരിന്റെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്ക്കാരം,മൈസൂർ യൂണിവാഴ്സിറ്റിയുടെ ഡോക്ടറേറ്റ്, സ്വരലയ പുരസ്ക്കാരം തുടങ്ങി അവാർഡുകളുടെയും അംഗീകാരങ്ങളുടെയും നിരനീളുന്നു.
താമരകുമ്പിളലൊ മമഹൃദയം,അകലെ അകലെ നീലാകാശം,തേനും വയമ്പും, അഞ്ജനകണ്ണെഴുതി,തളിരിട്ട കിനാക്കൾ,വാസന്തപഞ്ചമിനാളിൽ,യമുനേ നിന്നുടെ നെഞ്ചിൽ, മയിലായി പറന്നുവാ,ആടിവാ കാറ്റെ, നീലജലാശയത്തിൽ, നിറങ്ങൾ തൻ നൃത്തം,വരുമല്ലോ രാവിൽ,കാളീന്ദി തടത്തിലെ,സ്വർണ്ണവളകൾ ഇട്ടകൈകൾ, മൌനമേ നിറയും, ശരപൊളി മാലചാർത്തി, ഓലതുമ്പത്തി രുന്നൂയലാടും, ആഴകടലിന്റെ അങ്ങേകരയിൽ ജാനകിയമ്മ പാടിയ ഹിറ്റുഗാനങ്ങൾ നിരവധിയാണു.സംഗീതലോകത്തെ തന്റെ അത്യപൂർവ്വ സ്വരമാധുരികൊണ്ട് തലോടിയ, കോരിതരിപ്പിച്ച, ഭക്തിനൃവൃതരാക്കിയ മറ്റുഗയികയുണ്ടോ? ജാനകിയമ്മയ്ക്കു ശേഷം എത്തിയ ഒട്ടുമിക്കഗായികമാരും പിൻ തുടരുന്നത് ജാനകിയമ്മയുടെ ശൈലിതന്നെയാണെന്ന് കാണാം
പ്രായത്തെ വെല്ലുന്ന സ്വരമാധുരിയുമായി ജാനകിയമ്മ സംഗീതലോകത്ത് സജീവമാണ്. ചാന്ത്പൊട്ട് എന്ന ചിത്രത്തിനു ശേഷം മിഴികൾ സാക്ഷി, കനൽകണ്ണാടി എന്നീ മലയാളചിത്രങ്ങൾക്കും അയ്യവഴി, പെരുമാൾ, സിന്ധുസാമവേളി,പൊർകൊടി പത്താം വകുപ്പ്,വല്ലകൊട്ടയ് എന്നി തമിഴ് ചിത്രങ്ങളിലും രകഡ എന്ന തെലുങ്കുചിത്രത്തിലും എസ്.ജാനകി പാടി.കൂടാതെ ഈസ്റ്റ് കോസ്റ്റിന്റെ പ്രണയ ആൽബം ‘എന്നിട്ടും’ചന്ദ്രൻ മടവാക്കരയുടെ ‘നവകാഭിഷേകം’,വിദ്യാധരന്റെ ‘ആതിരനിലാവ്’ എന്നീ ആൽബങ്ങളിലും പാടികഴിഞ്ഞു. .ആലാപനത്തിനു പുതിയ മാനങ്ങളും ആത്മാവുള്ളതുമാക്കി മാറ്റിയ ഈ സംഗീതമുത്തശിയുടെ ആഗ്രഹം പാടികൊണ്ട് മരിക്കണം എന്നതാണ്.
Short URL: http://paadheyam.com/masika/?p=921