|

പ്രവാസികളെ ഇനിയാരും നിങ്ങളുടെ വോട്ട്‌ വെട്ടില്ല!.

ഒരു കോടിയിലധികം വരുന്ന പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ വോട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ വാര്‍ത്തയോടെ പൂവണിഞ്ഞത്. പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ മണ്ഡലങ്ങളില്‍ വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാമെന്നും വോട്ടെടുപ്പ് ദിവസം പാസ്‌പോര്‍ട്ടുമായി വോട്ട് ചെയ്യാന്‍ ഹാജരാകാമെന്നുമാണ്‌ വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പോസ്റ്റല്‍ വോട്ട് ഉണ്ടായിരിക്കില്ല. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയുകയെന്നും വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ക്കുക എന്ന കടമയാണ്‌ പ്രവാസികളായ നമ്മള്‍  ആദ്യമായി ചെയ്യേണ്ടത്. രണ്ടായിരത്തി പതിനൊന്ന്‌ ജനുവരി ഒന്നിന് പതിനെട്ട് വയസ്സ് തികഞ്ഞവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്വന്തം നാടായി രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തെ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.ഇതിനായി പാസ്‌പോര്‍ട്ടിലെ മേല്‍വിലാസം ഏത് മണ്ഡലത്തിലാണോ ആ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കാണ്‌ ഫോട്ടോ പതിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടാതെ നാട്ടിലെത്തി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിക്കാം. തപാല്‍വഴി അയയ്‌ക്കേണ്ട മേല്‍വിലാസം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

പ്രവാസ ലോകത്തിലെ നമ്മളടങ്ങുന്ന രാഷ്‌ട്രീയ സഘടനകള്‍ക്കും സാംസ്‌കാരിക സംഘടനകള്‍ക്കും ഇനിയുള്ള കാലം നിര്‍ണായകമാണ്. ഈ വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെക്കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കുക എന്നത് പ്രവാസി സംഘടനകളുടെ ഉത്തരവാദിത്വമായിരിക്കണം. സധാരണക്കാരായ നമ്മുടെ അണികളെ ഈ നിയമത്തെ കുറിച്ച് ബോധവാന്മാരാക്കേണ്ടത് പ്രവാസി സംഘടന ആയിരിക്കണം. അതിന്നായി അവരെ സമീപിച്ച് പാസ്‌പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ രേഖകള്‍ തയ്യാറാക്കി തപാലില്‍ അപേക്ഷകള്‍ അയപ്പിക്കാന്‍ ശ്രമിക്കണം. എല്ലാ രാഷ്‌ട്രീയ സംഘടനകള്‍ക്കും പ്രവാസലോകത്ത് അനേകം പോഷക സംഘടനകളുണ്ടെന്നതിന്നാല്‍ വോട്ടവകാശം വന്ന സ്ഥിതിക്ക് എല്ലാവരും രംഗത്തിറങ്ങുമെന്നത് ഉറപ്പാണ്‌. നാട്ടില്‍ നേരിട്ട് അപേക്ഷകള്‍ നല്‍കുന്നവര്‍ പാസ്‌പോര്‍ട്ടും പസ്‌പോര്‍ട്ടിന്റെ കോപ്പിയും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കണം.

തിരഞ്ഞെടുപ്പിന്റെ ആ ഒരു ദിവസത്തേക്ക് മാത്രമായെങ്കിലും നമ്മുടെ സംഘടനക്ക് അണികളെ നാട്ടിലയയ്ക്കാന്‍ സാധിക്കണം.ഇതിനായി നമുക്ക് എയര്‍ ഇന്ത്യാ സര്‍വീസുകള്‍ തിരഞ്ഞെടുക്കാവുന്നതാണ്‌.ഈ തിരഞ്ഞെടുപ്പ് കാലയലവില്‍ കുറഞ്ഞ ചെലവില്‍ സര്‍വീസ് നടത്തുവാന്‍ നമ്മുടെ വ്യോമയാനമന്ത്രിയായ വയലാര്‍ രവിക്ക് മുന്‍കൈയെടുക്കുവാന്‍ കഴിയണം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തയാള്‍ക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശവും നല്‍കുന്നുണ്ട്.ജന്മനാട്ടിലെ വോട്ടവകാശമെന്നത് പ്രവാസികളുടെ മൗലികാവകാശമാണെന്ന് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നു. ജന്മനാട്ടിലെ ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകാന്‍ ഇത് അവരെ സഹായിക്കുമെന്നും രാഷ്‌ട്രനിര്‍മാണപ്രക്രിയയ്ക്ക് അത് കരുത്തുപകരുകയും ചെയ്യുമെന്ന് നിയമത്തില്‍ പറയുന്നുണ്ട്.ഇപ്പോഴത്തെ നിയമമനുസരിച്ച് സ്വന്തം നാട്ടില്‍ തുടര്‍ച്ചയായി ആറ് മാസം താമസിക്കാത്ത പ്രവാസിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാമായിരുന്നു. ഈ പുതിയ വിജ്ഞാപനമായതോടെ ഇനി അതിനു സാധ്യമല്ല!.

ഒരു കോടിയിലധികം വരുന്ന പ്രവാസികളില്‍ പത്തോ ഇരുപതോ ശതമാനമെങ്കിലും  വോട്ടുചെയ്യാനെത്തിയാല്‍ അത് നമ്മുടെ രാഷ്‌‌ട്രീയ ചിത്രം മാറ്റുമെന്നതില്‍ സംശയമില്ല. വളരെക്കാലമായി നമ്മള്‍ നടത്തിയ നിലവിളികള്‍ക്കും നിവേദനങ്ങള്‍ക്കും കിട്ടിയ ഒരു വലിയ വിജയമാണിത്!.ഈ  വോട്ടവകാശം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു നാഴികക്കല്ലാണ്. അതിലുപരി കേരള രാഷ്‌ട്രീയത്തില്‍ ഇതുണ്ടാക്കുന്ന ഗുണഫലങ്ങള്‍ ചിലറയൊന്നുമായിരിക്കില്ല!.

Short URL: http://paadheyam.com/masika/?p=579

Posted by on February 15 2011. Filed under എഡിറ്റോറിയല്‍. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

അഭിപ്രായങ്ങള്‍:

2 Comments for “പ്രവാസികളെ ഇനിയാരും നിങ്ങളുടെ വോട്ട്‌ വെട്ടില്ല!.”

  1. Very nice!…

    Wow you are very very talented!! keep up the awesome work. You are very talented & I only wish I could write as good as you do :)

Leave a Reply

*

സന്ദര്‍ശക കുറിപ്പ്