ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ പെരുകുന്ന ആത്മഹത്യകൾ!.
ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും പെരുകുന്നു. ഏറ്റവും പുതിയത് പ്രണയ ദിനത്തില്‍ നവവരന്‍ തൂങ്ങിമരിച്ചതാണ്. തിരുവനന്തപുരം സ്വദേശി ഷിനു പുരുഷോത്തമനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മുല്‍ഖ്വയ്‌വാനിലെ ഇരു സ്വകര്യ കമ്പനിയിൽ മെഷീന്‍ ഓപറേറ്ററായിരുന്ന ഷിനുവിനെ കമ്പനിക്ക് സമീപം താമസിക്കുന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.കഴിഞ്ഞ ഡിസംബര്‍ ഏഴിന് വിവാഹിതനായ ഷിനു ജനുവരി 18നാണ് തിരിച്ചത്തെി ജോലിയില്‍ പ്രവേശിച്ചത്.
രണ്ടര വര്‍ഷമായി ഷിനു ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. എല്ലാവരോടും വളരെ സൗമ്യമായി ഇടപെടുന്ന ഷിനുവിന്, പ്രത്യേകിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് സഹപ്രവര്‍ത്തകരും ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ അധികൃതരും പറയുന്നു.ഷിനുവിന്റെ പിതാവ് പുരുഷോത്തമനും പത്ത് വര്‍ഷത്തോളം ഇതേ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. നാല് വര്‍ഷം മുമ്പാണ് ഇദ്ദേഹം ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്. വിവാഹം കഴിഞ്ഞയുടന്‍ തന്നെ ഭാര്യയെ വിട്ടുനില്‍ക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ നിരാശയാവും മരണത്തിലേയ്ക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
യു.എ.ഇയില്‍ രണ്ടാഴ്ചക്കിടെ നടക്കുന്ന മൂന്നാമത്തെ മലയാളി ആത്മഹത്യയാണിത്. കഴിഞ്ഞ കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ തിരുവനന്തപുരം ചിറയിന്‍കീഴ് ചെമ്പകംവിള വീട്ടില്‍ പരേതനായ ഗോപിനാഥന്റെ മകന്‍ മണിക്കുട്ടനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു. അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് ഇയാള്‍ റാസല്‍ഖൈമയില്‍ തിരിച്ചത്തെിയത്. കഴിഞ്ഞയാഴ്ച അബുദാബിയില്‍ മുഗള്‍ റസ്റ്റോറന്‍റ് ഉടമയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന മലപ്പുറം പൊന്നാനിക്കടുത്ത് പാലപ്പെട്ടി സ്വദേശി കെ. അബ്ദുല്‍ ഗഫൂറിനെയും താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയിരുന്നു.തൊഴില്‍ സ്ഥലത്തെ പിരിമുറുക്കങ്ങളും നാട്ടിലെ വര്‍ദ്ധിച്ചു വരുന്ന ജീവിതച്ചെലവുകള്‍ പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദവും മറ്റും നിരവധി പ്രവാസി മലയാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസം ബര്‍ദുബായില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ റിജേഷിന്റെയും അഞ്ച് വയസ്സുകാരിയായ മകള്‍ അവന്തികയുടെയും മൃതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് കൊണ്ടുപോയത്. എതാനും മാസങ്ങള്‍ക്ക് മുന്‍പ് മൂന്നംഗ മലയാളി കുടുംബവും റാസല്‍ഖൈമയില്‍ ജീവനൊടുക്കിയിരുന്നു. ഗള്‍ഫിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ ഉണ്ടാവുന്ന ആത്മഹത്യകള്‍ കടുത്ത ആശങ്കയുയര്‍ത്തുന്നതാണ്.
Short URL: http://paadheyam.com/masika/?p=1336
